മൂലാട് - എന്റെ ഗ്രാമം

എന്റെ മാതൃഗ്രാമമായ മൂലാട് സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ബ്ളോക്കില്‍ കോട്ടൂര്‍ ഗ്രാമ പഞ്ചായത്തിലാണ്.കോട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ പ്രധാന മലനിരകളിലൊന്നായ ചെങ്ങോടുമലയുടെ പടിഞ്ഞാറു ഭാഗത്തുള്ള പ്രദേശമാണ് മൂലാട് എന്നറിയപ്പെടുന്നത്.മൂലാടിന്റെ പടിഞ്ഞാറു ഭാഗത്തുള്ള കുന്നരംവെള്ളി, ചെങ്ങോടു മലയുടെ വടക്കു കിഴക്കു ഭാഗത്തുള്ള നരയംകുളം എന്നീ ദേശങ്ങളും മുമ്പ് കോട്ടൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ മൂലാടിന്റെ ഭാഗം തന്നെയായിരുന്നു.ഇത്രയും ഭാഗം ഉള്‍പ്പെടുന്നതാണ് മൂലാട് പോസ്റ്റാഫീസിന്റെ പരിധി എന്നത് ഇതിന്റെ തെളിവായി ഇന്നും നിലനില്ക്കുന്നു.

മൂലാട് പ്രദേശത്ത് വികസനം എത്തിച്ച പാതയാണ് ചാലിക്കര – ആവറാട്ടുമുക്ക് റോഡ്.” ഓശാരിക്കല്‍ തമ്പായി " എന്ന് നാട്ടുകാര്‍ ഭയഭക്തി ബഹുമാനത്തോടെ വിളിച്ചിരുന്ന ഗോശാലക്കല്‍ തമ്പുരാന്മാര്‍ക്ക് പണ്ട് സഞ്ചരിക്കുന്നതിനായി വെട്ടിയുണ്ടാക്കിയതായിരുന്നത്രേ ഈ റോഡ്.
ഈ റോഡിലൂടെ ആദ്യമായി ബസ്സ് സര്‍വ്വീസ് ആരംഭിച്ചത് 1973 ലാണ്.കോഴിക്കോട്ടു നിന്നും ബാലുശ്ശേരി , ഉള്ള്യേരി , നടുവണ്ണൂര്‍ കൂട്ടാലിട വഴി പുളിയോട്ടുമുക്കിലേക്ക് സര്‍വ്വീസ് ആരംഭിച്ച KBT ( കൃഷ്ണദാസ് ബസ്സ് ട്രാന്‍സ്പോര്‍ട്ട് )ബസ്സ് ഇന്നും ഇവിടെയുള്ളവരുടെ മനസ്സില്‍ തങ്ങിനില്‍പ്പുന്നുണ്ട്. MLA റോഡായി അംഗീകരിച്ച് ടാറിംഗ് പൂര്‍ത്തിയാക്കിയത് 1989 ലാണ്. അന്നത്തെ കേരള മുഖ്യമന്ത്രി ശ്രീ.ഇ.കെ. നായനാരാണ് റോഡ് ഔപചാരികമായി ഉദ്ഘാടനം ചെയ്തത്.
നാടിന് അക്ഷരവെളിച്ചമേകുന്ന രണ്ടു വിദ്യാലയങ്ങളാണ് മൂലാടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മൂലാട് ഹിന്ദു ഏ.എല്‍.പി സ്കൂളും , പുളിയോട്ടുമുക്കില്‍ സ്ഥിതി ചെയ്യുന്ന മൂലാട് ഏ.എം.എല്‍.പി സ്കൂളും.മൂലാട് ജ്ഞാനോദയ വായനശാല കൊയിലാണ്ടി താലൂക്കിലെ ശ്രദ്ധേയമായ ഗ്രന്ഥാലയങ്ങളിലൊന്നാണ്.മൂലാടിനു കുറുകെ കടന്നുപോകുന്ന കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ കക്കോടി ബ്രാഞ്ച് കനാല്‍ കടുത്ത വേനലിലും നാട്ടിലെ കിണറുകളില്‍ ജല ലഭ്യത ഉറപ്പാക്കുന്നു.ോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. എം. ചന്ദ്രന്‍ മാസ്റ്ററാണ് ഇപ്പോഴത്തെ ഒന്നാം വാര്‍ഡു മെമ്പര്‍. ശ്രീ. എം. പീ. ഗോപാലന്‍, ശ്രീ. വി. ടി. രാഘവന്‍, ശ്രീ. എന്‍. കേളപ്പന്‍, ശ്രീമതി. സി. പി. ഗീത എന്നിവരായിരുന്നു മുമ്പ് വാര്‍ഡിനെ പ്രതിനിധീകരിച്ചത്.
കായിക ഭൂപടത്തില്‍ പ്രദേശത്തിന് മേല്‍വിലാസമുണ്ടാക്കിയതില്‍ മൂലാട് ബ്രദേഴ്സ് സ്പോട്സ് ക്ളബിന്റെ പങ്ക് നിസ്തുലമാണ്. വോളീബോളില്‍ ദേശീയതലത്തിലും സംസ്ഥാനതലത്തിലും ശ്രദ്ധേയമായ മത്സരങ്ങളില്‍ ബ്രദേഴ്സിന്റെ കളിക്കളത്തിലൂടെ വളര്‍ന്നുവന്ന താരങ്ങളെ അണിനിരത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നത് നാടിനും നാട്ടുകാര്‍ക്കും അഭിമാനം നല്‍കുന്നതാണ്. കുറേയേറെ യുവാക്കള്‍ക്ക് വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ലഭ്യമായതിലും ബ്രദേഴ്സ് നിമിത്തമായിട്ടുണ്ട്.
ഉന്നതവിദ്യാഭ്യാസം, വിദ്യാഭ്യാസം, ആരോഗ്യം, റവന്യൂ, ഗ്രാമവികസനം, പോലീസ് തുടങ്ങി എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും നമ്മുടെ നാട്ടുകാര്‍ ജോലി ചെയ്യുന്നുണ്ട്. ഗള്‍ഫിലെ ഏതു രാജ്യത്തു ചെന്നാലും പ്രവാസികളായി മൂലാടിന്റെ മക്കളെ കാണാന്‍ കഴിയും. അങ്ങനെ എന്റെ മൂലാടിന്റെ മഹത്വം ഞാനറിയുന്നു.
  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • Twitter
  • RSS

0 Response to "മൂലാട് - എന്റെ ഗ്രാമം"

Post a Comment